ജിദ്ദ – അഴിമതി കേസുകളിൽ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥർ അടക്കം 100 പേരെ ഒക്ടോബർ മാസത്തിൽ അറസ്റ്റ് ചെയ്‌തുനെന്ന് ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റി. കൈക്കൂലി, അധികാര ദുർവിനിയോഗം എന്നീ കേസുകളിൽ ആകെ 478 പേരെയാണ് കഴിഞ്ഞ മാസം ചോദ്യം ചെയ്തത്. ഇക്കൂട്ടത്തിൽ കുറ്റക്കാരാണെന്ന് തെളിഞ്ഞ 100 പേരെയാണ് അറസ്റ്റ് ചെയ്തത്.ഇതിൽ ചിലരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ആഭ്യന്തര, മുനിസിപ്പൽ-പാർപ്പിടകാര്യ, വിദ്യാഭ്യാസ, ആരോഗ്യ, മാനവശേഷി-സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥരും അറസ്റ്റിലായവരിലുണ്ട്. കേസുകൾ കോടതിക്ക് കൈമാറുന്നതിനു മുന്നോടിയായി നിയമാനുസൃത നടപടികൾ പൂർത്തിയാക്കിവരികയാണ്. അഴിമതിയും അധികാര ദുർവിനിയോഗവും മറ്റും സംശയിച്ച് ഒക്ടോബറിൽ വിവിധ പ്രവിശ്യകളിൽ 4,895 ഫീൽഡ് പരിശോധനകളാണ് നടത്തിയതെന്നും ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റി അറിയിച്ചു.
