ചെങ്ങന്നൂർ മുൻസിഫ് കോടതിയിൽ വനിത മുൻസിഫിന് നേരെ ആക്രമണശ്രമം

ചെങ്ങന്നൂർ മുൻസിഫ് കോടതിയിൽ വനിത മുൻസിഫിന് നേരെ ആക്രമണശ്രമം
Share this news

ചെങ്ങന്നൂർ മുൻസിഫ്-മജിസ്ട്രേറ്റ് അമല ലോറൻസിന് നേരെ കോടതി ചേംബറിനുള്ളിൽ അതിക്രമിച്ചുകയറി ആക്രമണശ്രമം നടത്തി. ബുധനാഴ്ച രാവിലെ 10 മണിയോടെ ഹെൽമെറ്റും റെയിൻകോട്ടും ധരിച്ചെത്തിയ മുളക്കുഴ പെരിങ്ങാല മോഹിനി സദനത്തിൽ അരുൺ മോഹൻ എന്നയാളാണ് അമല ലോറൻസ് അല്ലേ എന്ന് ചോദിച്ച് ആക്രമിക്കാൻ മുതിർന്നത്. ഭയന്ന മുൻസിഫ് ഓഫിസിലേക്ക് ഓടിക്കയറുന്നതിനിടെ വീണ് പരിക്കേറ്റു. പ്രതിയെ തടയാൻ ശ്രമിച്ച രണ്ട് ജീവനക്കാർക്കും പരിക്കേൽക്കുകയും, അതിലൊരാളെ പ്രതി നെഞ്ചിൽ ചവിട്ടുകയും ചെയ്തു. ഇതിനിടെ പ്രതിയുടെ കോട്ടിൽ ഒളിപ്പിച്ചിരുന്ന കുപ്പി നിലത്തുവീണ് പൊട്ടുകയും ചെയ്തു. തുടർന്ന് റോഡിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കോടതി ജീവനക്കാരും സമീപത്തെ ഓട്ടോറിക്ഷാ തൊഴിലാളികളും ചേർന്ന് കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിച്ചു. ഈ അനിഷ്ട സംഭവത്തെ തുടർന്ന് കോടതി നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു.