കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ
Share this news

പൊൻകുന്നം: ഇളങ്ങുളം വില്ലേജ് ഓഫീസറെ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസിൽ വെച്ച് വിജിലൻസ് സംഘം പിടികൂടി. ചിറക്കടവ് ഉറുമ്പിൽ ഒ.എൻ.എസ്.വിഷ്ണു(48) വിനെയാണ് കോട്ടയം വിജിലൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തത്.വസ്തുവിന്റെ പോക്കുവരവ് ചെയ്തുകൊടുക്കുന്നതിന് പ്രദേശവാസിയിൽ നിന്ന് രണ്ടായിരം രൂപ കൈപ്പറ്റുന്നതിനിടെയാണ് ഇന്നലെ ഉച്ചയ്ക്ക് അറസ്റ്റ് ചെയ്തത്. ആയിരം രൂപ ഇതേ വ്യക്തിയിൽ നിന്ന് വില്ലേജ് ഓഫീസർ മുൻപ് കൈപ്പറ്റിയിരുന്നു. ബാക്കി പണം ആവശ്യപ്പെട്ടപ്പോൾ വിജിലൻസിനെ അറിയിക്കുകയായിരുന്നു. വിജിലൻസ് സംഘം നൽകിയ നാല് 500 രൂപ നോട്ടാണ് കൈക്കൂലിയായി കൈമാറിയത്. ഇതേസമയം തന്നെ സംഘം ഓഫീസിലെത്തി വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് പാന്റിന്റെ പോക്കറ്റിൽ നിന്ന് പണം കണ്ടെടുത്തു. പരിശോധനകൾ പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി.ചിറക്കടവ് സ്വദേശിയായ വിഷ്ണു ഇളങ്ങുളത്ത് വാടകവീട്ടിലാണ് താമസം.വിജിലൻസ് ഈസ്റ്റേൺ റേഞ്ച് സൂപ്രണ്ട് ആർ.ബിനുവിന്റെ നിർദേശാനുസരണം കോട്ടയം യൂണിറ്റ് ഡി.വൈ.എസ്.പി വി.ആർ.രവികുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.