ഹരിപ്പാട് കുമാരപുരത്ത് വസ്തു വാങ്ങി നൽകാമെന്ന വ്യാജേന 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോടതി ജീവനക്കാരൻ അറസ്റ്റിൽ.ചെങ്ങന്നൂർ പോക്സോ കോടതിയിലെ ബെഞ്ച് ക്ലർക്കായ കരുവാറ്റ കൊച്ചുപരിയരത്ത് വീട്ടിൽ രാജീവ് എസ് നായർ(44) ആണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്.
കുമാരപുരം കാവുങ്കൽ പടീറ്റത്തിൽ ഗോപികയുടെ പരാതിയിലാണ് അറസ്റ്റ്.പരാതിക്കാരിയുടെ സഹോദരൻ പ്രതിയുടെ വീട്ടിൽ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.ഡ്രൈവറുടെ സഹോദരി വീടുവയ്ക്കാൻ സ്ഥലം നോക്കുന്നുവെന്ന് മനസിലാക്കിയ പ്രതി ഇവരെ തെറ്റിദ്ധരിപ്പിച്ച് മാവേലിക്കര കുടുംബ കോടതിയുടെ എതിർവശം ബാങ്ക് ജപ്തി ചെയ്ത 56 സെന്റ് സ്ഥലമുണ്ടെന്ന് പറഞ്ഞ് നേരിട്ടും ഗൂഗിൾ പേ വഴിയും 22 ലക്ഷം രൂപ വാങ്ങുകയായിരുന്നു.
പിന്നീട് പരാതിക്കാരിയെയും ഭർത്താവിനെയും ഈ വസ്തു കാണിക്കുകയും കോടതി സീൽ ചെയ്തതാണെന്നും ബാധ്യത തീർക്കാനുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.
ഇതിനായി സഹായിക്കുന്ന ജീവനക്കാർക്കും മറ്റും കൊടുക്കണമെന്ന് പറഞ്ഞ് പല തവണയായി വീണ്ടും പണം വാങ്ങി. വസ്തു കിട്ടാതിരുന്നപ്പോൾ പരാതിക്കാരി ഹരിപ്പാട് ഐ എസ് എച്ച് ഒയ്ക്ക് പരാതി നൽകുകയായിരുന്നു.
പോലീസിന്റെ അന്വേഷണത്തിൽ ഇയാൾ കൊടുക്കാമെന്ന് പറഞ്ഞ വസ്തു കൊല്ലത്തുള്ള ഒരാളുടെ പേരിലുള്ളതാനാണന്ന് വ്യക്തമായി.പിന്നീട് ഒളിവിൽ പോയ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.
ഐ എസ് എച്ച് ഒ മുഹമ്മദ് ഷാഫി,എസ് ഐ ആദർശ്,എ എസ് ഐ പ്രമോദ്, സീനിയർ സി പി ഒ രേഖ,സി പി ഒമാരായ നിഷാദ്,സജാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്
